
കായംകുളം: 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കായംകുളം എൽമെക്സ് മൈതാനിയിൽ ആലപ്പുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
ഞായറാഴ്ച
വൈകിട്ട് 6 മണിയോടെ ആരംഭിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ രജിസ്ട്രേഷനുശേഷം 32 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരം അരങ്ങേറി. വിജയികളായ ടീമുകൾക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 വീതം ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.
പരിപാടി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സമ്മാനദാന ചടങ്ങിൽ സംസാരിച്ച മന്ത്രി, "ജീവിതമാണ് ലഹരി; കളികളാകട്ടെ ലഹരി" എന്ന സന്ദേശത്തിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് ഊന്നൽ നൽകി.
വൈകിട്ട് 7 മണിക്ക് പ്രശസ്ത സംഗീത ഓർക്കസ്ട്രയായ ആലപ്പുഴ ബ്ലൂ ഡയമണ്ട് അവതരിപ്പിച്ച ഗാനമേള ആരംഭിച്ച് രാത്രി 10 മണിവരെ നീണ്ടു. സംഗീതവും കായിക ആവേശവും നിറഞ്ഞ പരിപാടി കാണികൾക്ക് വേറിട്ട അനുഭവമായി.
ഏകദേശം 2,000 പേർ പങ്കെടുത്ത പരിപാടിയിൽ കായംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശരത് ലാൽ ബെല്ലാരി, വാർഡ് കൗൺസിലർമാരായ വള്ളിൽ റസാക്ക്, ബിജു നസറുള്ള, അസീം നാസർ എന്നിവരും മറ്റ് ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും യുവജനങ്ങളും പങ്കെടുത്തു.
ഫുഡ് കോർട്ടും വാട്ടർ കൗണ്ടറും ആയിരത്തിലധികം പേർക്ക് ഇരിക്കാവുന്ന കസേരകളുടെ സൗകര്യവും ഒരുക്കിയിരുന്നു.
ജൂലൈ 20-ന് പുലർച്ചെ 12.30 മുതൽ 200 അടി വലിപ്പമുള്ള എൽഇഡി സ്ക്രീനിൽ ലോകകപ്പ് ഫൈനൽ മത്സരം തൽസമയം സംപ്രേഷണം ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെ അവസാനിച്ച മത്സരത്തിൽ സ്പെയിൻ കിരീടം നേടിയതോടെ മൈതാനി ആഹ്ലാദാരവങ്ങളാൽ മുഖരിതമായി.
പരിപാടിയെ അഭിസംബോധന ചെയ്ത് ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ.ആർ സംസാരിച്ചു. മത്സരശേഷം എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു ലോകകപ്പ് വിജയികളെ അഭിനന്ദിക്കുകയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ എൻ.വി കൃതഞ്ജത പറഞ്ഞു. പരിപാടിയിൽ കായംകുളം ഡിവൈഎസ് പി
ബിനുമോൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷാജഹാൻ, വിമുക്തി ജില്ലാ മാനേജർ വൈ. പ്രസാദ്, മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. സെബാസ്റ്റ്യൻ എ. എന്നിവരും വിവിധ എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ എക്സൈസ് വകുപ്പ് നടപ്പാക്കിയ ലഹരിവിരുദ്ധ ബോധവൽക്കരണ വീഡിയോകളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും രാവിലെ മുതൽ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു.











